2008, നവംബർ 29, ശനിയാഴ്‌ച

-----കാമുകന്‍-----


കിടപ്പറയിലെ തലയിണയില്‍
രണ്ടിറ്റ് കണ്ണീര്‍ വീഴ്ത്തി
നീ നിന്‍റെ സ്വപ്നങ്ങളെ അടക്കം ചെയുമ്പോള്‍
‍ഞാന്‍...................
നിലാവിരിയിട്ട നിളയുടെ തീരത്ത്
നിന്നെയും ധ്യാനിച്ചുകിടക്കുകയായിരുന്നു...

ഉമ്മറക്കോലായിലെ ചാരുകസേരക്കുമുമ്പില്‍
കടപ്പാടിന്‍റെ കണക്കില്‍
നീ നമ്മുടെ പ്രണയത്തെ അടിയറവെക്കുമ്പോള്‍
ഞാന്‍........................
നിന്നെ കുറിച്ചുളള എന്‍റെ അഭിലാഷങ്ങള്‍ക്ക്
നിറം പകരുകയായിരുന്നു....

എന്തു ന്യായവാദമോതണം എന്നതറിയാതെ
ഇരവിന്‍റെ ഇരുട്ടില്‍ നീ ഉഴറുമ്പോള്‍
‍ഞാന്‍........................
അന്ത്യയാമത്തില്‍ വിരിഞ്ഞ ചെമ്പകപൂവിലും
നിന്‍റെ സുഗന്ധം തേടുകയായിരുന്നു...

ഓര്‍മ്മകളെ അഗ്നിക്കിരയാക്കി
നീ മനസ്സിനെ പവിത്രമാക്കുമ്പോള്‍
‍ഞാന്‍.................
ജാലകവിരി നീക്കി വിണ്ണിലുദിച്ച
നിന്നെ നോക്കി കാണുകയായിരുന്നു...