2009, ജൂൺ 13, ശനിയാഴ്‌ച

സ്വപ്നാടനംസഖീ....നിലാവ് ചിത്രകംബളം നീര്‍ത്തുമീ
രാവിന്‍റെ മണിമാറിലൂടെ...
പൊന്നോളകൈകളാല്‍ മാടിവിളിക്കുമീ
നിളയുടെ തീരത്തിലൂടെ...
കയ്യോടു കൈ ചേര്‍ത്ത്, തോളോടു തോള്‍ ചേര്‍ന്ന്
ഒത്തിരി ദൂരം നടക്കാം...
കാണാത്ത കഴ്ചകള്‍ ഒരുക്കിവെച്ചു
നമ്മെ യാമിനി കാത്തിരിക്കുന്നു...
മുളംകാടുകള്‍ മുരളീരവം പൊഴിക്കുന്ന
നാട്ടിടവഴികളിലൂടെ...
ഇളംകാറ്റില്‍ ഇളകിയാടികളിക്കുന്ന
മുല്ലപ്പടര്‍പ്പുകളിലൂടെ...
പാതിരാപുള്ളുകള്‍ പരിഭവം പാടുന്ന
കാട്ടുപൊന്തകളിലൂടെ...
രാവെളിച്ചം വെണ്‍ തൂവലായ് പൊഴിയുന്ന
പാടവരമ്പുകളിലൂടെ...
രജനിപതംഗങ്ങള്‍ രാഗരസം തേടും
രാസനികുഞ്ജങ്ങളിലൂടെ...
ചിത്രോടക്കല്ലുകള്‍ മഞ്ഞളാടിനില്‍ക്കും
ഇല്ലപറമ്പുകളിലൂടെ...
നിശാസുന്ദരിമാര്‍ പൊട്ടിച്ചിരിയുതിര്‍ക്കും
പാലമരച്ചോട്ടിലൂടെ ...
നങ്ങ്യാര്‍ വട്ടങ്ങള്‍ നാണിച്ചുനില്‍ക്കും
അമ്പല പറമ്പിലൂടെ...
സ്വപ്നങ്ങള്‍ ഹംസങ്ങളായ് നീന്തിത്തുടിക്കും
പൂപൊയ്ക പടവുകളിലൂടെ ...
തങ്കകിനാവുകള്‍ തപസ്സനുഷ്ഠിക്കും
പാരിജാതങ്ങള്‍ക്കിടയിലൂടെ...
എന്നോ നമ്മള്‍ കണ്ടുമറന്നൊരാ...
സുന്ദരവനഭുവില്‍ അണയാം...
മന്വന്തരങ്ങള്‍ക്കപ്പുറത്തെന്നോ, നമ്മളുപേക്ഷിച്ച
കാലടിപ്പാടുകള്‍ തേടാം...
കാലം പഴക്കിയ നമ്മുടെ പ്രണയകുടീരത്തില്‍
ഒരുപിടിപൂക്കളര്‍പ്പിക്കാം...
അന്നു പകരാന്‍ കഴിയാതെ പോയ
സ്നേഹത്തിന്‍ സോമരസം പകര്‍ന്ന്
നമുക്കു ജീവിക്കാം... മരിക്കാം.....
പുനര്‍ജ്ജനിക്കാം