2011, ഓഗസ്റ്റ് 2, ചൊവ്വാഴ്ച

മഴക്കാലം

മഴക്ക്, എന്നോടെന്നും
പരിഭവമായിരുന്നു.
അവളുടെ പിറുപിറുക്കലിനു
ചെവി നെല്‍കാതെ,
നിന്‍റെ പരിഭവങ്ങള്‍ കേട്ടിരുന്നതിന്....

പുറത്ത്, വീണ്ടുമൊരു മഴക്കാലം
ജനലഴികള്‍ക്കിടയിലൂടെ,
എന്‍റെ ഏകാന്തതയിലേക്ക്
തണുത്തതുമ്പികളെ പറത്തിവിടുന്നു

എനിക്കറിയാം
നീ അകലെയെങ്ങോ,
മറവിയുടെ കട്ടിയുള്ള
കരിമ്പടം പുതച്ചിട്ടും തണുപ്പകലാതെ,
എന്‍റെ ഓര്‍മ്മകളുടെ ചൂടിലേക്ക്
മുഖം പൂഴ്ത്തുകയാവും........