2013, ജനുവരി 16, ബുധനാഴ്‌ച

ശേഷം



മതിലിനപ്പുറം 
നില്‍ക്കുമ്പോള്‍
എന്തോരു ചന്തമായിരുന്നു ,
ചിരിക്കുമ്പോഴൊക്കെ എന്തൊരു 
ചേലായിരുന്നു.
ഇതളുകള്‍ക്കൊക്കെ 
എന്തൊരു മണായിരുന്നു 

പറിക്കല്ലേ...പറിക്കല്ലേന്ന്,
പലരും പറഞ്ഞു
കേട്ടില്ല,
ഇറുത്തെടുത്ത്
വീട്ടിലേക്ക് കൊണ്ടുവന്നു,

ഇപ്പൊ, പൂവേ,
നിന്നെ കാണാന്‍
ഒരു ചന്തവുമില്ല
ചിരിക്കൊന്നും ഒരു ചേലുമില്ല..
ഇതളുകള്‍ക്ക്
മണമേയില്ല..

......







ഞാനും നീയും തമ്മില്‍ 
എന്താണ്?
ചിമ്മിനി  വിളക്കും 
ഈയാം പാറ്റയും തമ്മില്‍ ഉള്ള 
അതേ ,അത്യപൂര്‍വ്വ 
അനശ്വര പ്രണയം 

2013, ജനുവരി 5, ശനിയാഴ്‌ച




ആരും അല്ലാത്തതില്‍ നിന്നും നമ്മള്‍
എല്ലാമായി മാറിയ
വഴിയിലൂടെ
കള്ളി ചെടികളും
ഈന്ത പനകളും നിറഞ്ഞ
മരു പ്രദേശങ്ങളും  ,
കുറ്റിചെടികളും
ദേവദാരുകളും  നിറഞ്ഞ
ശീത ഭൂമികളും

നീര്‍ ചോലകളും
വയലേലകളും നിറഞ്ഞ
നാട്ടിന്‍ പുറങ്ങളും കടന്ന്
ഭൂമിയുടെ ഒരറ്റത്ത്,
ഭൌമോപരിതലത്തിനു തൊട്ടു കീഴെ
ജീവിതവും മരണവും കൈകോര്‍ത്തു
നില്‍ക്കുന്ന 
കാല മുനമ്പില്‍
പ്രണയത്തിന്റെ കടും വസ്ത്രങ്ങള്‍
അണിഞ്ഞ്
നിശ്വാസങ്ങള്‍ കൊണ്ട്
കൈ കാലുകള്‍ ബന്ധിച്ച്
വാക്കുകള്‍ കൊണ്ട്
പരസ്പരം ചുണ്ടുകളോപ്പി 
സ്വര്‍ഗത്ത്തിനും നരകത്തിനുമിടയില്‍
നാം കാത്തിരിക്കുന്നത്
ആരെയാണ് ?

വിശേഷങ്ങള്‍







എന്റെ ഗ്രാമത്തിലെ
നാട്ടിട വഴിയിലെ
കാട്ടു ചെമ്പോത്തിന്
നിന്നെ അറിയാമോ ?

വീട്ടിലേക്കുള്ള വഴിയില്‍
അടയാളമായ് നില്‍ക്കുന്ന
പൂവരശ്ശിനോ ?

മാസക്കുളി കണ്ട് കണ്ട്
പൂക്കുലച്ച
കുള വക്കിലെ
പൂ കൈതക്ക് ?

കായലോരത്തെ
മണല്‍പ്പരപ്പില്‍
ഇളവെയിലില്‍ ഈറന്‍
ഉണക്കി കൊണ്ടിരിക്കുന്ന 
ആവണി  കാറ്റിന് ?


അറിയാം അല്ലെ ?
നാട്ടില്‍ എത്തുമ്പോളെല്ലാം
ഇരുത്തി മൂളി ചെമ്പോത്തും
പൂഞ്ചില്ല കുലുക്കി പൂവരശും
പൂവോല നീട്ടി കൈതയും
കളിയാക്കി തോണ്ടി കാറ്റും
നിന്റെ വിശേഷങ്ങള്
ചോദിച്ചു കൊണ്ടേയിരിക്കുന്നു ....


മഴപ്പനി




എത്ര പറഞ്ഞു,
എത്രയെത്രയെത്ര പറഞ്ഞു,
പെയ്യാന്‍ പൊവാ,
കുടചൂടിക്കോ,
ഇറയത്ത് കയറിനിന്നോ,
വഴിമാറി നടന്നോ..

എന്നിട്ടിപ്പോ എന്തായി?

പൂവിനോ പുല്ലിനോ
പുല്‍ച്ചാടിക്കോ കൊടുക്കാതെ
മുഴുവനും കൊണ്ടീട്ടിങ്ങനെ
തണുത്ത് വിറച്ച് പനിച്ച് കിടക്കാന്‍
ഇടക്കിടെ മഴത്തുള്ളികളെ ചര്‍ദ്ദിക്കാന്‍
നല്ല രസമുണ്ടോ?
ഏറെ സുഖമുണ്ടോ?

സൈക്കി ള്‍




പണ്ട് 
നിന്നെ കാണുമ്പോഴൊക്കെ 
സ്പീഡ് കുറച്ച് 
ബെല്ലടിക്കുമായിരുന്നു 
എന്‍റെ തകരസൈക്കിള്‍

ഇന്ന് 
മൂന്നു കുഞ്ഞുങ്ങള്‍ക്കൊപ്പം 
നീ കടന്നുപോകുമ്പോള്‍
സ്പീഡ്ക്കൂടി
കൂട്ടബെല്ലടിക്കുന്നു
ഹൃദയസൈക്കി ള്‍

താജ്മഹല്‍



ഇതാണോ താജ്മഹല്‍ ?
അനശ്വരതയുടെ കവിള്‍ത്തടത്തിലെ
കണ്ണുനീര്‍ തുള്ളി'?
കേള്‍പ്പറ്റ പ്രണയ കുടീരം 
വാഴ്ത്തപ്പെട്ട മഹാത്ഭുതം !!
ഇരുപതിനായിരം പേരുടെ 
ഇരുപത്തിരണ്ട് വര്ഷം കവര്‍ന്ന 
അപൂര്‍വ്വ നിര്‍മ്മിതി.

ഛെയ് ...........

എന്‍റെയുള്ളില്‍
ഞാനവള്‍ക്ക് വേണ്ടി പണിഞ്ഞത്
ഇതിന്‍റെ നൂറിരട്ടി വരും

ക്ഷമിക്കണം ,
സന്ദര്ശ കര്‍ ക്ക്
പ്രവേശനമില്ല !!

പ്രണയത്തെ കുറിച്ച് അഞ്ച് ജല്പ്പനങ്ങള്‍



1.ഷര്‍ട്ട് 

അലക്കിയലക്കി 
നിറംപോയി 
നൂലാകെ പൊങ്ങി 
പിഞ്ഞി പൊട്ടി 
ഇപ്പോഴിതാ 
കീറിയും പോയി 
എന്നിട്ടും പോകുന്നില്ല 
നിന്‍റെ മണം!

2. ഇടി 

നിന്റെ ഓര്‍മ്മകള്‍ 
ഇടക്കിടെ വന്നെന്നെ 
കുനിച്ച് നിര്‍ ത്തി 
കൂമ്പിനിട്ടിടിച്ച് 
കടന്നു പോകുന്നു 

3. മണ്ണ്‍ 

ഒരു പാട് പശിമയുള്ള 
മണ്ണാണ് ഞാന്‍ 
എന്നിലേയ്ക്ക് നിന്‍റെ 
വേരുകളെ നീട്ടാതിരിക്കുക ,
ഞാനതിനെ ആഴങ്ങളിലേക്ക് 
വലിച്ച് കൊണ്ട്ട് പോകും.

4.ഞാന്‍

എത്രയൊക്കെ 
ശ്രദ്ധിച്ച് നടന്നിട്ടും 
നിന്നില്‍ തട്ടി 
കാല്‍ തെറ്റി വീണ് ഞാന്‍
നൂറു നൂറായ് 
ചിന്നി ചിതറുന്നു 

5. പെയ്ത്ത് 

മഴ പെയ്യും
നീയും പെയ്യും
മഴ പെയ്യുമ്പോള്‍
മണ്ണാകെ നനയും
നീ പെയ്യുമ്പോള്‍ 
ഞാന്‍ മാത്രം നനയും

ഉമ്മകള്‍


അടച്ചുറപ്പുള്ള
വാതില്‍ ,
ഉള്ളില്‍ നിന്നും
സാക്ഷ,
കട്ടിയുള്ള കമ്പിളി
ദേഹം മുഴുവന്‍ പുതച്ചു
ശാന്ത നിദ്ര

വാതിലൊന്നു
തള്ളാതെ,
സാക്ഷ നീക്കാതെ ,
കമ്പിളി ഉയര്‍ത്താതെ
നിദ്രയില്‍ നിന്നുണര്‍ത്താതെ
നീ എങ്ങിനെയാണ്
ഒരു രാത്രി മുഴുവന്‍
എന്നെ, ഉമ്മകള്‍ കൊണ്ടിങ്ങനെ
ശ്വാസം മുട്ടിക്കുന്നത്‌ ?

അലര്‍ജി



രാവിലെ ഉണര്‍ന്നപ്പോള്‍ 
കവിളുകള്‍ ചീര്‍ത്തിരിക്കുന്നു 
ചുണ്ടുകള്‍ നീലച്ചിരിക്കുന്നു 
കണ്ണുകള്‍ ചൊറിഞ്ഞ്‌ ചുവത്തിരിക്കുന്നു 
ദേഹമാകെ 
തിണര്‍ത്തിരിക്കുന്നു 
മനസ്സാകെ ചൊറിഞ്ഞ്‌ 
തടിച്ചിരിക്കുന്നു 

ഞാന്‍ നിന്നോട് 
പലവട്ടം പറഞ്ഞിട്ടുണ്ട് 
പ്രണയം എനിക്ക് അലര്‍ജിയാണ് 
അത് കലര്ത്തിയെന്നെ 
ഉമ്മ വെക്കരുത്!!!