2013, ജനുവരി 5, ശനിയാഴ്‌ച

പ്രണയത്തെ കുറിച്ച് അഞ്ച് ജല്പ്പനങ്ങള്‍



1.ഷര്‍ട്ട് 

അലക്കിയലക്കി 
നിറംപോയി 
നൂലാകെ പൊങ്ങി 
പിഞ്ഞി പൊട്ടി 
ഇപ്പോഴിതാ 
കീറിയും പോയി 
എന്നിട്ടും പോകുന്നില്ല 
നിന്‍റെ മണം!

2. ഇടി 

നിന്റെ ഓര്‍മ്മകള്‍ 
ഇടക്കിടെ വന്നെന്നെ 
കുനിച്ച് നിര്‍ ത്തി 
കൂമ്പിനിട്ടിടിച്ച് 
കടന്നു പോകുന്നു 

3. മണ്ണ്‍ 

ഒരു പാട് പശിമയുള്ള 
മണ്ണാണ് ഞാന്‍ 
എന്നിലേയ്ക്ക് നിന്‍റെ 
വേരുകളെ നീട്ടാതിരിക്കുക ,
ഞാനതിനെ ആഴങ്ങളിലേക്ക് 
വലിച്ച് കൊണ്ട്ട് പോകും.

4.ഞാന്‍

എത്രയൊക്കെ 
ശ്രദ്ധിച്ച് നടന്നിട്ടും 
നിന്നില്‍ തട്ടി 
കാല്‍ തെറ്റി വീണ് ഞാന്‍
നൂറു നൂറായ് 
ചിന്നി ചിതറുന്നു 

5. പെയ്ത്ത് 

മഴ പെയ്യും
നീയും പെയ്യും
മഴ പെയ്യുമ്പോള്‍
മണ്ണാകെ നനയും
നീ പെയ്യുമ്പോള്‍ 
ഞാന്‍ മാത്രം നനയും