2013 ജൂൺ 7, വെള്ളിയാഴ്‌ച

......



ഒരിക്കൽ പോലും നീ കണ്ടിട്ടില്ലാത്ത 
എന്റെ നാട്ടിൽ ,
ഒരിക്കലും പോലും സഞ്ചരിച്ചിട്ടില്ലാത്ത
വഴിയിൽ
ഒരിക്കൽ പോലും വന്നിട്ടിലാത്ത
വീട്ടിൽ
ഒരിക്കൽ പോലും കയറി ഇരുന്നിട്ടില്ലാത്ത
പൂമുഖത്തിൽ
എത്ര തവണ
എത്ര എത്ര എത്ര തവണ
നിന്നെയും കൊണ്ട് പോയിരിക്കുന്നു !!
എന്റെയെന്റെ എന്ന്
ഏവർക്കും പരിചയപ്പെടുത്തി
കൊടുത്തിരിക്കുന്നു!!
ഒരിക്കലെങ്കിലും നിനക്കെന്നെ
നിന്റെ വീട്ടിലേക്കും
കൊണ്ട് പോയ്കൂടെ ?
"നിന്റെയാ" എന്ന് എല്ലാർക്കും
പരിചയപ്പെടുത്തി കൊടുത്തൂടെ ?

2013 ഏപ്രിൽ 19, വെള്ളിയാഴ്‌ച

അത്രമാത്രം






മനസ്സില്‍
നുഴഞ്ഞ് കയറിയവളെ

നിനക്ക് അവിടെയിരുന്ന്
സ്വസ്ഥതയോടെ
ചിത്രങ്ങള്‌ വരയ്ക്കാം

ഉച്ചത്തില്‍
പാട്ടുകള്‍ പാടാം

ഇഷ്ട്ടം പോലെ കവിതകള്‍
എഴുതാം

തോന്നിയ പോലെയൊക്കെ
സ്വപ്നങ്ങള്‍ കോറി
ചുവരുകള്‍ വൃത്തിക്കേടാക്കാം

പക്ഷെ ,

ബലമില്ലാത്ത വിട്ടത്തില്‍
കയര്‍ക്കെട്ടി
ആത്മഹത്യയ്ക്ക്
ശ്രമിക്കരുത്

സ്വന്തം കൂരയെന്ന വിശ്വാസത്തില്‍
ബോധംക്കെട്ട് ഉറങ്ങരുത്

നെടുവീര്‍പ്പുകളെ
പുറത്തേയ്ക്കയച്ചു
എന്നെ ശല്യം ചെയ്യരുത്

ഒരു വാടകകാരിയെന്നു
എപ്പോഴും ഓര്‍മ്മയില്‍ ഉണ്ടാകണം

ഒരു കുടിയൊഴിപ്പിക്കല്‍
എപ്പോഴും പ്രതീക്ഷിക്കണം

അത്രമാത്രം

ചില പരാതികൾ




ഏതൊരാള്‍ക്കും ചാടിക്കടക്കാന്‍
കഴിയാത്ത 
കുപ്പിചീളുകളും ഇരുമ്പാണികളും
പാവിയ 
നിന്റെ വീട്ടു മതില്‍ 
ഞാന്‍ പല വട്ടം ചാടിയിട്ടുണ്ട്‌


ഒരു അടക്കാക്കിളി ഇരുന്നാല്‍ പോലും
ഞാന്നു പോകുന്ന ,
വീട്ടുമുറിയോട് ചേര്‍ന്ന ,
നാരക തൈ യ്യില്‍ കൊത്തി പിടിച്ച്‌
ഒത്തിരി വട്ടം കയറിയിട്ടുണ്ട് 

ഒരു ഉറുമ്പിനു കടക്കാന്‍ പോലും 
സുഷിരം ബാക്കി വെക്കാതെ 
നീ കൊട്ടിയടച്ച ജനല്‍ പഴുതിലൂടെ
നൂഴ്ന്നു നിന്റെ ഉറക്കറയിലെക്ക്..

നീ അപ്പോള്‍ ഒക്കെ 
അര്‍ദ്ധമയക്കത്തില്‍ ആയിരിക്കും 

എനിക്ക് ശ്വാസം മുട്ടുവോളം 
നിന്നെ,
തുരു തുരാ ചുംബിക്കും 

നെറ്റിയിലോ കണ്ണുകളിലോ, കവിളുകളിലോ 
ചുണ്ടുകളിലോ മാത്രമല്ല .......

ഇടക്കിടെ ഉള്ള ഞെരക്കത്തില്‍ നിന്നും ,
അതേ , എല്ലാം നീ അറിയുനുണ്ട് .

എന്നിട്ടും ,
ഇത്രയൊക്കെ ആയിട്ടും ,
വഴി വക്കുകളില്‍ 
നേര്‍ക്ക്‌ നേര്‍ കണ്ടുമുട്ടുമ്പോഴൊക്കെ 
കാണാതെ പോലെ നടന്നകലുന്നത് 
കഷ്ട്ടം തന്നെയാണെ

2013 ഫെബ്രുവരി 23, ശനിയാഴ്‌ച

ദി ട്രെയിന്‍



മഴയുണ്ടായിരുന്നു
തിരക്കും,തെറി വിളികളും 
കുത്തിനുപിടുത്തങ്ങളും
ആര്‍പ്പ് വിളികളും 
എല്ലാം പതിവ് പോലെ ..

സ്പീഡുണ്ടായിരുന്നു
കല്‍വക്കും താനെക്കും ഇടയിലായിരുന്നു
ടോറിന് നടുവിലെ കമ്പിയില്‍
ഞാന്നു കിടക്കുകയായിരുന്നു
വഴുക്കലുണ്ടായിരുന്നു.....

എന്നിട്ടെന്താ,
ഒന്നു പ്രതികരിക്കാന്‍
കഴിയുമുമ്പേ
ഉള്ളില്‍ സ്വകാര്യമായി
ചേര്‍ത്ത് പിടിച്ചിരുന്ന, ഒന്നൂര്‍ന്ന്‍
പാളങ്ങളിലേയ്ക്ക് ..

സമയത്തെ വള്ളിക്കാല്
വെയ്ക്കാന്‍ നോക്കി
തലയടിച്ചു വീണ്‌ ചത്ത
തെക്കന്റെയും
വടക്കെന്റെയുമൊക്കെ
ആത്മാക്കളുടെ കണ്ണു വെട്ടിച്ച്,

മനസ്സ് പിടഞ്ഞ് തീര്‍ന്ന
മതമോ ജാതിയോ ദേശമോ ഇല്ലാത്ത
പ്രണയിനി എന്ന് മാത്രം പേരുള്ള
ഒരുവള്‍ക്ക്
കിട്ടാതിരിക്കില്ലാ......

ഉള്ളില്‍ നിന്നൂര്‍ന്ന്
പാളങ്ങളില്‍ ചിതറി
കാഴ്ച്ചകളില്‍ ചോര തേച്ച
എന്റെ ആ .......





2013 ജനുവരി 16, ബുധനാഴ്‌ച

ശേഷം



മതിലിനപ്പുറം 
നില്‍ക്കുമ്പോള്‍
എന്തോരു ചന്തമായിരുന്നു ,
ചിരിക്കുമ്പോഴൊക്കെ എന്തൊരു 
ചേലായിരുന്നു.
ഇതളുകള്‍ക്കൊക്കെ 
എന്തൊരു മണായിരുന്നു 

പറിക്കല്ലേ...പറിക്കല്ലേന്ന്,
പലരും പറഞ്ഞു
കേട്ടില്ല,
ഇറുത്തെടുത്ത്
വീട്ടിലേക്ക് കൊണ്ടുവന്നു,

ഇപ്പൊ, പൂവേ,
നിന്നെ കാണാന്‍
ഒരു ചന്തവുമില്ല
ചിരിക്കൊന്നും ഒരു ചേലുമില്ല..
ഇതളുകള്‍ക്ക്
മണമേയില്ല..

......







ഞാനും നീയും തമ്മില്‍ 
എന്താണ്?
ചിമ്മിനി  വിളക്കും 
ഈയാം പാറ്റയും തമ്മില്‍ ഉള്ള 
അതേ ,അത്യപൂര്‍വ്വ 
അനശ്വര പ്രണയം 

2013 ജനുവരി 5, ശനിയാഴ്‌ച




ആരും അല്ലാത്തതില്‍ നിന്നും നമ്മള്‍
എല്ലാമായി മാറിയ
വഴിയിലൂടെ
കള്ളി ചെടികളും
ഈന്ത പനകളും നിറഞ്ഞ
മരു പ്രദേശങ്ങളും  ,
കുറ്റിചെടികളും
ദേവദാരുകളും  നിറഞ്ഞ
ശീത ഭൂമികളും

നീര്‍ ചോലകളും
വയലേലകളും നിറഞ്ഞ
നാട്ടിന്‍ പുറങ്ങളും കടന്ന്
ഭൂമിയുടെ ഒരറ്റത്ത്,
ഭൌമോപരിതലത്തിനു തൊട്ടു കീഴെ
ജീവിതവും മരണവും കൈകോര്‍ത്തു
നില്‍ക്കുന്ന 
കാല മുനമ്പില്‍
പ്രണയത്തിന്റെ കടും വസ്ത്രങ്ങള്‍
അണിഞ്ഞ്
നിശ്വാസങ്ങള്‍ കൊണ്ട്
കൈ കാലുകള്‍ ബന്ധിച്ച്
വാക്കുകള്‍ കൊണ്ട്
പരസ്പരം ചുണ്ടുകളോപ്പി 
സ്വര്‍ഗത്ത്തിനും നരകത്തിനുമിടയില്‍
നാം കാത്തിരിക്കുന്നത്
ആരെയാണ് ?

വിശേഷങ്ങള്‍







എന്റെ ഗ്രാമത്തിലെ
നാട്ടിട വഴിയിലെ
കാട്ടു ചെമ്പോത്തിന്
നിന്നെ അറിയാമോ ?

വീട്ടിലേക്കുള്ള വഴിയില്‍
അടയാളമായ് നില്‍ക്കുന്ന
പൂവരശ്ശിനോ ?

മാസക്കുളി കണ്ട് കണ്ട്
പൂക്കുലച്ച
കുള വക്കിലെ
പൂ കൈതക്ക് ?

കായലോരത്തെ
മണല്‍പ്പരപ്പില്‍
ഇളവെയിലില്‍ ഈറന്‍
ഉണക്കി കൊണ്ടിരിക്കുന്ന 
ആവണി  കാറ്റിന് ?


അറിയാം അല്ലെ ?
നാട്ടില്‍ എത്തുമ്പോളെല്ലാം
ഇരുത്തി മൂളി ചെമ്പോത്തും
പൂഞ്ചില്ല കുലുക്കി പൂവരശും
പൂവോല നീട്ടി കൈതയും
കളിയാക്കി തോണ്ടി കാറ്റും
നിന്റെ വിശേഷങ്ങള്
ചോദിച്ചു കൊണ്ടേയിരിക്കുന്നു ....


മഴപ്പനി




എത്ര പറഞ്ഞു,
എത്രയെത്രയെത്ര പറഞ്ഞു,
പെയ്യാന്‍ പൊവാ,
കുടചൂടിക്കോ,
ഇറയത്ത് കയറിനിന്നോ,
വഴിമാറി നടന്നോ..

എന്നിട്ടിപ്പോ എന്തായി?

പൂവിനോ പുല്ലിനോ
പുല്‍ച്ചാടിക്കോ കൊടുക്കാതെ
മുഴുവനും കൊണ്ടീട്ടിങ്ങനെ
തണുത്ത് വിറച്ച് പനിച്ച് കിടക്കാന്‍
ഇടക്കിടെ മഴത്തുള്ളികളെ ചര്‍ദ്ദിക്കാന്‍
നല്ല രസമുണ്ടോ?
ഏറെ സുഖമുണ്ടോ?

സൈക്കി ള്‍




പണ്ട് 
നിന്നെ കാണുമ്പോഴൊക്കെ 
സ്പീഡ് കുറച്ച് 
ബെല്ലടിക്കുമായിരുന്നു 
എന്‍റെ തകരസൈക്കിള്‍

ഇന്ന് 
മൂന്നു കുഞ്ഞുങ്ങള്‍ക്കൊപ്പം 
നീ കടന്നുപോകുമ്പോള്‍
സ്പീഡ്ക്കൂടി
കൂട്ടബെല്ലടിക്കുന്നു
ഹൃദയസൈക്കി ള്‍

താജ്മഹല്‍



ഇതാണോ താജ്മഹല്‍ ?
അനശ്വരതയുടെ കവിള്‍ത്തടത്തിലെ
കണ്ണുനീര്‍ തുള്ളി'?
കേള്‍പ്പറ്റ പ്രണയ കുടീരം 
വാഴ്ത്തപ്പെട്ട മഹാത്ഭുതം !!
ഇരുപതിനായിരം പേരുടെ 
ഇരുപത്തിരണ്ട് വര്ഷം കവര്‍ന്ന 
അപൂര്‍വ്വ നിര്‍മ്മിതി.

ഛെയ് ...........

എന്‍റെയുള്ളില്‍
ഞാനവള്‍ക്ക് വേണ്ടി പണിഞ്ഞത്
ഇതിന്‍റെ നൂറിരട്ടി വരും

ക്ഷമിക്കണം ,
സന്ദര്ശ കര്‍ ക്ക്
പ്രവേശനമില്ല !!

പ്രണയത്തെ കുറിച്ച് അഞ്ച് ജല്പ്പനങ്ങള്‍



1.ഷര്‍ട്ട് 

അലക്കിയലക്കി 
നിറംപോയി 
നൂലാകെ പൊങ്ങി 
പിഞ്ഞി പൊട്ടി 
ഇപ്പോഴിതാ 
കീറിയും പോയി 
എന്നിട്ടും പോകുന്നില്ല 
നിന്‍റെ മണം!

2. ഇടി 

നിന്റെ ഓര്‍മ്മകള്‍ 
ഇടക്കിടെ വന്നെന്നെ 
കുനിച്ച് നിര്‍ ത്തി 
കൂമ്പിനിട്ടിടിച്ച് 
കടന്നു പോകുന്നു 

3. മണ്ണ്‍ 

ഒരു പാട് പശിമയുള്ള 
മണ്ണാണ് ഞാന്‍ 
എന്നിലേയ്ക്ക് നിന്‍റെ 
വേരുകളെ നീട്ടാതിരിക്കുക ,
ഞാനതിനെ ആഴങ്ങളിലേക്ക് 
വലിച്ച് കൊണ്ട്ട് പോകും.

4.ഞാന്‍

എത്രയൊക്കെ 
ശ്രദ്ധിച്ച് നടന്നിട്ടും 
നിന്നില്‍ തട്ടി 
കാല്‍ തെറ്റി വീണ് ഞാന്‍
നൂറു നൂറായ് 
ചിന്നി ചിതറുന്നു 

5. പെയ്ത്ത് 

മഴ പെയ്യും
നീയും പെയ്യും
മഴ പെയ്യുമ്പോള്‍
മണ്ണാകെ നനയും
നീ പെയ്യുമ്പോള്‍ 
ഞാന്‍ മാത്രം നനയും

ഉമ്മകള്‍


അടച്ചുറപ്പുള്ള
വാതില്‍ ,
ഉള്ളില്‍ നിന്നും
സാക്ഷ,
കട്ടിയുള്ള കമ്പിളി
ദേഹം മുഴുവന്‍ പുതച്ചു
ശാന്ത നിദ്ര

വാതിലൊന്നു
തള്ളാതെ,
സാക്ഷ നീക്കാതെ ,
കമ്പിളി ഉയര്‍ത്താതെ
നിദ്രയില്‍ നിന്നുണര്‍ത്താതെ
നീ എങ്ങിനെയാണ്
ഒരു രാത്രി മുഴുവന്‍
എന്നെ, ഉമ്മകള്‍ കൊണ്ടിങ്ങനെ
ശ്വാസം മുട്ടിക്കുന്നത്‌ ?

അലര്‍ജി



രാവിലെ ഉണര്‍ന്നപ്പോള്‍ 
കവിളുകള്‍ ചീര്‍ത്തിരിക്കുന്നു 
ചുണ്ടുകള്‍ നീലച്ചിരിക്കുന്നു 
കണ്ണുകള്‍ ചൊറിഞ്ഞ്‌ ചുവത്തിരിക്കുന്നു 
ദേഹമാകെ 
തിണര്‍ത്തിരിക്കുന്നു 
മനസ്സാകെ ചൊറിഞ്ഞ്‌ 
തടിച്ചിരിക്കുന്നു 

ഞാന്‍ നിന്നോട് 
പലവട്ടം പറഞ്ഞിട്ടുണ്ട് 
പ്രണയം എനിക്ക് അലര്‍ജിയാണ് 
അത് കലര്ത്തിയെന്നെ 
ഉമ്മ വെക്കരുത്!!!

2011 ഓഗസ്റ്റ് 2, ചൊവ്വാഴ്ച

മഴക്കാലം





മഴക്ക്, എന്നോടെന്നും
പരിഭവമായിരുന്നു.
അവളുടെ പിറുപിറുക്കലിനു
ചെവി നെല്‍കാതെ,
നിന്‍റെ പരിഭവങ്ങള്‍ കേട്ടിരുന്നതിന്....

പുറത്ത്, വീണ്ടുമൊരു മഴക്കാലം
ജനലഴികള്‍ക്കിടയിലൂടെ,
എന്‍റെ ഏകാന്തതയിലേക്ക്
തണുത്തതുമ്പികളെ പറത്തിവിടുന്നു

എനിക്കറിയാം
നീ അകലെയെങ്ങോ,
മറവിയുടെ കട്ടിയുള്ള
കരിമ്പടം പുതച്ചിട്ടും തണുപ്പകലാതെ,
എന്‍റെ ഓര്‍മ്മകളുടെ ചൂടിലേക്ക്
മുഖം പൂഴ്ത്തുകയാവും........

2009 സെപ്റ്റംബർ 16, ബുധനാഴ്‌ച

പ്രണയാര്‍ദ്രം



നേര്‍ത്ത നിലാവിന്‍റെ ലാളനമേറ്റ്
പാതിരാ പൂക്കള്‍ തന്‍ സൌരഭ്യം നുകര്‍ന്ന്
രാവിന്‍ നിശബ്ദ്തയില്‍ ഏകനായ് ഇരിക്കുമ്പോള്‍
നിന്‍ ഓര്‍മ്മകള്‍ എന്നില്‍ രാമഴയായ് പെയ്തിറങ്ങുന്നു
നിന്‍ സാന്നിധ്യം ഞാന്‍ കൊതിക്കുന്നു

വരൂ സഖി, രാത്രി അതിസുന്ദരിയാണ്
ഇവിടെ ഏവരും പ്രണയലോലരാണ്
മനസ്സിലെ വിചാരങ്ങളും വികാരങ്ങ ളും
സ്വപ്നങ്ങളും ഒന്നാണ്

കാറ്റിന്‍ കരലാളനമെല്‍ക്കാന്‍ കൊതിച്ച്
മിഴിചിമ്മിനില്‍ക്കും പൂക്കളെ കാണാം
നഗ്നമെനിയില്‍ ചന്ദ്രരശമിതന്‍ തലോടലേല്‍ക്കുമ്പൊള്‍
കുണ്ങ്ങി ചിരിചൊഴുകും നിളയെകാണാം
ഇന്ദീവരങ്ങള്‍ക്കിടയില്‍ ഇണചെരും
സ്വര്‍ണ്ണമരാളങ്ങളെ കാണ്ണാം
ദേവദാരങ്ങളില്‍ നീലാംബരി മൂളും
വസന്തകോകിലങ്ങളെ കാണാം

കാഴ്ചകള്‍ മനസ്സിലെ ആരാമത്തില്‍
കാമനകള്‍ തന്‍ നവ മുകുളങ്ങള്‍ വിടര്‍ത്തുമ്പോള്‍
നമ്മള്‍ക്കും കൈമാറാം മനസ്സിലെ പ്രണയവും
മയങ്ങിക്കിടക്കും മധുരവികാരങ്ങളും

2009 ജൂൺ 13, ശനിയാഴ്‌ച

സ്വപ്നാടനം



സഖീ....നിലാവ് ചിത്രകംബളം നീര്‍ത്തുമീ
രാവിന്‍റെ മണിമാറിലൂടെ...
പൊന്നോളകൈകളാല്‍ മാടിവിളിക്കുമീ
നിളയുടെ തീരത്തിലൂടെ...
കയ്യോടു കൈ ചേര്‍ത്ത്, തോളോടു തോള്‍ ചേര്‍ന്ന്
ഒത്തിരി ദൂരം നടക്കാം...
കാണാത്ത കഴ്ചകള്‍ ഒരുക്കിവെച്ചു
നമ്മെ യാമിനി കാത്തിരിക്കുന്നു...
മുളംകാടുകള്‍ മുരളീരവം പൊഴിക്കുന്ന
നാട്ടിടവഴികളിലൂടെ...
ഇളംകാറ്റില്‍ ഇളകിയാടികളിക്കുന്ന
മുല്ലപ്പടര്‍പ്പുകളിലൂടെ...
പാതിരാപുള്ളുകള്‍ പരിഭവം പാടുന്ന
കാട്ടുപൊന്തകളിലൂടെ...
രാവെളിച്ചം വെണ്‍ തൂവലായ് പൊഴിയുന്ന
പാടവരമ്പുകളിലൂടെ...
രജനിപതംഗങ്ങള്‍ രാഗരസം തേടും
രാസനികുഞ്ജങ്ങളിലൂടെ...
ചിത്രോടക്കല്ലുകള്‍ മഞ്ഞളാടിനില്‍ക്കും
ഇല്ലപറമ്പുകളിലൂടെ...
നിശാസുന്ദരിമാര്‍ പൊട്ടിച്ചിരിയുതിര്‍ക്കും
പാലമരച്ചോട്ടിലൂടെ ...
നങ്ങ്യാര്‍ വട്ടങ്ങള്‍ നാണിച്ചുനില്‍ക്കും
അമ്പല പറമ്പിലൂടെ...
സ്വപ്നങ്ങള്‍ ഹംസങ്ങളായ് നീന്തിത്തുടിക്കും
പൂപൊയ്ക പടവുകളിലൂടെ ...
തങ്കകിനാവുകള്‍ തപസ്സനുഷ്ഠിക്കും
പാരിജാതങ്ങള്‍ക്കിടയിലൂടെ...
എന്നോ നമ്മള്‍ കണ്ടുമറന്നൊരാ...
സുന്ദരവനഭുവില്‍ അണയാം...
മന്വന്തരങ്ങള്‍ക്കപ്പുറത്തെന്നോ, നമ്മളുപേക്ഷിച്ച
കാലടിപ്പാടുകള്‍ തേടാം...
കാലം പഴക്കിയ നമ്മുടെ പ്രണയകുടീരത്തില്‍
ഒരുപിടിപൂക്കളര്‍പ്പിക്കാം...
അന്നു പകരാന്‍ കഴിയാതെ പോയ
സ്നേഹത്തിന്‍ സോമരസം പകര്‍ന്ന്
നമുക്കു ജീവിക്കാം... മരിക്കാം.....
പുനര്‍ജ്ജനിക്കാം

2009 മേയ് 27, ബുധനാഴ്‌ച

നീയെന്ന മഴ



നീ എനിക്കായ് പെയ്യുന്ന മഴ
വേനലടര്‍ത്തിയ കിനാവുകളില്‍ കുളിരു നിറച്ച്,
എനിക്ക് വേണ്ടി മാത്രം പെയ്യുന്ന,
ഒരിക്കലും തോരാത്ത മഴ.

ഞാന്‍ നിനക്കായ് ഒഴുകുന്ന പുഴ
കാലം കാണിച്ച കൈവഴികളിലൂടെ തെന്നി തെന്നിയൊഴുകി
കൈവഴികളെ തകര്‍ത്തൊടുവില്‍ നിന്നിലലിഞ്ഞ്,
നിന്നെയും ചേര്‍ത്ത് ഒന്നായ് ഒഴുകുന്ന പുഴ

ഒടുങ്ങാതെ പെയ്യുന്ന നീയെന്ന മഴയില്‍
ഞാനെന്ന പുഴ ഒരിക്കലും വറ്റാതെ,
നിലക്കാതെ ഒഴുകികൊണ്ടേയിരിക്കും
നീയെന്ന മഴ പെയ്തു തോരുവോളം....

2009 ഫെബ്രുവരി 25, ബുധനാഴ്‌ച

പ്രണയം?


പച്ചയായ ജീവിതത്തിന്‍റെ
നേര്‍ത്ത ചൂടേറ്റാല്‍
അഞ്ചു നിമിഷം കൊണ്ട്
ഉരുകിയൊലിച്ച് ഇല്ലാതാകുന്ന
തൂമഞ്ഞുത്തുള്ളി.

*******************************
മനസ്സിലെ തകരപെട്ടിയിലെ
ചിതലരിച്ച ഓര്‍മ്മ പുസ്തകത്തിലെ
മാനം കാണാന്‍ കൊതിച്ചിരുന്ന
മറോലമൂടിയ
ഒരു കൊച്ചു മയില്‍പ്പീലീ തുണ്ട്.

2009 ഫെബ്രുവരി 13, വെള്ളിയാഴ്‌ച

പ്രണയദിനം


ഈ പ്രണയദിനത്തില്‍ നിനക്കു നെല്‍കാന്‍.....
അന്നു നീ ചൂടാതെ പോയ, വാടികരിഞ്ഞ പൂക്കളും
നീ കണ്ണീരില്‍ കുതിര്‍ത്തിയ സ്വപ്നങ്ങളും
നീ മറന്നു പോയ ഓര്‍മ്മകളും......
പിന്നെ നിന്‍റെ പേരു പച്ചകുത്തിയ ഒരു മനസ്സും മാത്രം...

സൌരഭ്യം പരത്തുന്ന പനിനീര്‍ പൂക്കള്‍ക്കിടയില്‍
മിന്നുന്ന കടലാസില്‍ പൊതിഞ്ഞ വിലക്കൂടിയ
സമ്മാനപൊതികള്‍ക്കിടയില്‍.......
നീ അതു കണ്ടാലെ........
എനിക്കതിശയമുളളൂ...സഖീ......